Showing posts with label മണ്ണന്തലദേവീസ്തവം. Show all posts
Showing posts with label മണ്ണന്തലദേവീസ്തവം. Show all posts

Sunday, July 12, 2009

Mannanthala Devi Stavam മണ്ണന്തലദേവീസ്തവം

മണിക്കുട വിടര്‍ത്തി മലര്‍ തൂവി മണമെല്ലാം
ഘൃണിക്കപചിതിക്രിയ കഴിച്ചു ഘൃണിയാകി,
ഗുണിച്ചവകളൊക്കെയുമൊഴിഞ്ഞി ഗുണിയും പോയ്
ഗുണക്കടല്‍ കടന്നുവരുവാനരുള്‍ക തായേ! 1

തിങ്കളും ത്രിദശഗംഗയും തിരുമുടി-
ക്കണിഞ്ഞു തെളിയുന്ന നല്‍ -
ത്തിങ്കള്‍നേര്‍മുഖി, ദിഗംബരന്റെ തിരു-
മെയ് പകുത്ത ശിവമേനിയേ
നിങ്കഴല്‍ക്കമലമെന്‍ കരുത്തില്‍ നില-
നിര്‍ത്തി നിത്യവുമഹന്ത വ-
ന്നങ്കുരിച്ചറിവഴിഞ്ഞുപോയ് വിഫല-
മായ് വരാതരുളുമംബികേ 2

പ്രഭാരൂപയാം നിന്‍ പ്രകാരം നിനച്ചാല്‍
പ്രഭാരം കെടും ഹൃത്പ്രസാദാലെവര്‍ക്കും
പ്രസാദിക്കുമെല്ലാവനും ത്വത്പ്രസാദാല്‍
പ്രയാസം സമസ്തം പ്രയാതീവ ദൂരം 3

സാധിക്കും സകലം സമസ്തഭുവന-
ങ്ങള്‍ക്കും ഹിതം നല്‍കി നീ
ചേതസ്സിങ്കലിരിക്കകൊണ്ടു ജനനീ,
ചൈതന്യമായെപ്പൊഴും
ബോധിപ്പിപ്പതശേഷമംബുധിയില്‍ വ-
ന്നേറിക്കലര്‍ന്നീടുമ-
സ്രോതസ്സെന്ന കണക്കു നിന്നടിയില്‍ വ-
ന്നേറുന്നു മാറുന്നിതേ 4

ദക്ഷപുത്രി, ദനുജാന്തകി, ത്വദനുസാ-
രിവാരിയിലഴുന്തിടാ-
തക്ഷമൊക്കെയുമടക്കി വാഴ്വതിനനു-
ഗ്രഹിക്ക പരദൈവമേ
കുക്ഷിബാധ വലുതായതീവ്യഥ ജയി-
പ്പതിന്നു പണിയുണ്ടു നിന്‍
കുക്ഷിതന്നിലിളകാതെ വാണു ദിവസം
കഴിക്കുകിലസംശയം. 5

പമ്പരത്തോടു പകച്ചിടും ഭ്രമണ-
വേഗമുള്ള മതിയോടു വ-
ന്നംബരത്തിലണയുന്നതിന്നിവന-
ശക്തനെന്നു കരുതീടു നീ
അന്‍പിരന്നടികള്‍ വാഴ്ത്തി നില്‍ക്കുമഗ-
തിക്കു സദ്ഗതി വരുത്തിടും
നിന്‍പദത്തൊടു ലയിപ്പതിന്നു നിയ-
തം വരം തരുക മംഗലേ 6

ചക്ഷുരാദികള്‍ ചതിച്ചിടും ചതിയില്‍
വീണിടും ചതുരനെങ്കിലും
പക്ഷമില്ല ഭവതിക്കവന്‍ പ്രതി ഭ-
വച്ചരിത്രപരനെങ്കിലോ
തത്ക്ഷണം സകലവും ഭവിച്ചു സത-
തം സുഖിച്ചു മരുവീടുമീ
പക്ഷമൊക്കെയുമറിഞ്ഞിടുന്ന പര-
ദൈവതം ഭവതിയല്ലയോ 7

കങ്കമാദികളശിച്ചിടുന്നൊരശ-
നം കളേബരമിതല്ലയോ
വന്‍കലാവതി വലച്ചിടുന്നിതു മ-
തിപ്രസാദമരുളീടു നീ
തിങ്കള്‍മൗലി തിരുമെയ് തലോടിയിട-
ചേര്‍ന്നു നിത്യവുമിരിക്കുമെന്‍
തങ്കമേ സകല സങ്കടങ്ങളുമ-
റുന്നതിന്നു തരണം വരം 8

മണ്ണന്തലേ മരുവുമീശ്വരി തന്നെ മന്നി-
ലന്വര്‍ത്ഥസംജ്ഞയെ വഹിച്ചരുളുന്നു ചിത്രം!
മന്നില്‍ സമസ്തവുമടങ്ങുമതിന്നുമേല്‍ നി-
ന്നെണ്ണിക്കഴിക്കുമൊരു ദൈവതമല്ലയോ നീ! 9