Saturday, July 11, 2009

Chijjada Chintanam ചിജ്ജഡ ചിന്തനം

ഒരുകോടി ദിവാകരരൊത്തുയരും-
പടി പാരൊടുനീരനലാദികളും
കെടുമാറു കിളര്‍ന്നുകവരുന്നൊരു നി‍ന്‍-
വടിവെന്നുമിരുന്നു വിളങ്ങിടണം. 1

ഇടണേയിരുകണ്മുനനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ. 2

നിലമോടു നെരുപ്പുനിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി ന‍ല്‍കുക നി‍ന്‍-
നിലയിന്നിതുതന്നെ നമുക്കു മതി. 3

മതിതൊട്ടു മണംമുതലഞ്ചുമുണര്‍-
ന്നരുളോളവുമുള്ളതു ചിന്മയമാം
ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ –
മിതുരണ്ടിലുമായമരുന്നഖിലം. 4

അഖിലര്‍ക്കുമതിങ്ങനെതന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോ! വലുതേ. 5

വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ !
മലമായയിലാണു മയങ്ങി മനം
നിലവിട്ടു നിവര്‍ന്നലയാതരുളേ. 6

അരുളേ തിരുമേനിയണഞ്ഞിടുമീ-
യിരുളേ, വെളിയേ, യിടയേ, പൊതുവേ !
കരളേ, കരളിങ്കിലിരിക്കുമരും –
പൊരുളേ, പുരിമൂന്നുമെരിച്ചവനേ ! 7

എരികയ്യതിലേന്തിയിറങ്ങിവരും
തിരുമേനി ചിദംബരമെന്നരുളും
പൂരിതന്നിലിരുന്നു പുരംപൊരിചെ-
യ്തരുളുന്നതുതന്നെയൊരദ്ഭുതമാം. 8

പുതുമാംകനി പുത്തമൃതേ, ഗുളമേ,
മധുവേ, മധുരക്കനിയേ, രസമേ,
വിധിമാധവരാദി തിരഞ്ഞടുമെന്‍
പതിയെ, പദപങ്കജമേ ഗതിയേ. 9

ഗതി നീയടിയന്നു ഗജത്തെയുരി-
ച്ചതുകൊണ്ടുടചാ‍ര്‍ത്തിയ ചിന്മയമേ,
ചതിചെയ്യുമിരുട്ടൊരുജാതി വിടു-
ന്നതിനിന്നടിയന്നരുളേകണമേ. 10

No comments:

Post a Comment