1
അറിവിലുമേറിയറിഞ്ഞീടുന്നവന്‍ തന്നു-
രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
2
കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന് തന്
തിരുവുരുവാണു തിരഞ്ഞു തേറിടേണം.
3
വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരംഗാ-
വലിയതുപോലെയഭേദമായ് വരേണം.
4
അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന് ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം.
5
ഉലകരുണര്‍ന്നുറങ്ങിയുണര്‍ന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാര്‍ത്തുനില്‍ക്കും
വിലമതിയാത വിളക്കുദിക്കയും പിന്-
പൊലികയുമില്ലിതു കണ്ടു പോയിടേണം.
6
ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികല്പ്പമാകയാലാ-
രുണരുവതുള്ളൊരു നിര്വ്വികാരരൂപം?
7
ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാല്
പ്രണവമുണര്ന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയില് മൂര്‍ത്തി നിര്‍ത്തിടേണം.
8
ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.
9
ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടര്‍ന്നുയര്‍ന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.
10
“ഇരുളിലിരുപ്പവനാര്? ചൊല്ക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിന്‍ പ്രതിവാക്യമേകമാകും.
11
‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടര്‍ന്നിടുന്നു.
12
തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാണ്ക!
പൊലിയുമിതന്യ പൊലിഞ്ഞുപൂര്‍ണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.
13
ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്
മഹിമയുമറ്റു മഹസ്സിലാണിടേണം.
14
ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവിലെ-
ന്നും ഉപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.
15
പരയുടെ പാലുനുകര്‍ന്ന ഭാഗ്യവാന്മാര്-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.
16
അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളില്‍ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.
17
അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍-
പഴകിയ വാസന, വര്‍ത്തി വൃത്തിയത്രേ
18
അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.
19
അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സര്‍വ്വമനിത്യമാം; ജലത്തിന്-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?
20
ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സര്‍വ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലര്‍മാല നാഗമാമോ?
21
പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ-
പ്രിയമപര പ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.
22
പ്രിയമപരന്റെയതെന്‍പ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നല്‍കും
ക്രിയയപരപ്രിയഹേതുവായ് വരേണം.
23
അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നു വേണ്ടി മാത്രം.
24
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
25
ഒരുവനു നല്ലതുമന്യനല്ലലും ചേര്-
പ്പൊരുതൊഴിലാത്മവിരോധിയോര്‍ത്തിടേണം.
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.
26
അവയവമൊക്കെയമര്‍ത്തിയാണിയായ് നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലവന്‍ നിനയ്ക്കു-
ന്നവശതയാമവിവേകമൊന്നിനാലെ.
27
ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വാണറിവതുതാനഥ നാമരൂപമായും
കരണമൊടിന്ദ്രിയകര്‍ത്തൃകര്‍മ്മമായും
വരുവതു കാണ്ക! മഹേന്ദ്രജാലമെല്ലാം.
28
അടിമുടിയറ്റടിതൊട്ടു മൌലിയന്തം
സ്ഫുടമറിയുന്നതു തുര്യബോധമാകും;
ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.
29
മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും
മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ-
മനുവുരുവിട്ടുമിരിക്കില്‍ മായമാറും.
30
ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമില്ലറിവില്ലെന്നറിഞ്ഞു സര്‍വ്വം
വിടുകിലവന് വിശദാന്തരംഗനായ് മേ-
ലുടലിലമര്ന്നുഴലുന്നതില്ല നൂനം.
31
അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
തനുമിതിയില്ലിതു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധര്‍മ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം
32
അറിവതു ധര്‍മ്മിയെയല്ല, ധര്‍മ്മമാമീ
യരുളിയ ധര്‍മ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോര്‍ത്തിടേണം.
33
അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്-
ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറിവട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു.
34
അരനൊടിയാദിയരാളിയാര്‍ന്നിടും തേ-
രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
അറിവിലനാദിയതായ് നടന്നിടും തന്-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.
35
ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ-
യിരുളിനെയീര്‍ന്നെഴുമാദിസൂര്യനത്രേ.
36
അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
മറുതിയിടാം സമയന്യയെന്നിവണ്ണം
ഇരുപിരിവായിതിലന്യസാമ്യമാര്‍ന്നു-
ള്ളുരുവിലമര്‍ന്നു തെളിഞ്ഞുണര്‍ന്നിടേണം.
37
വിഷമതയാര്‍ന്നെഴുമന്യ വെന്നുകൊള്‍വാന്‍
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെ വെന്നതിനാല്‍ വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം.
38
പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവര്‍ന്നു സാമ്യമേലും
കലയിലലിഞ്ഞു കലര്‍ന്നിരുന്നിടേണം
39
അരുളിയ ശക്തികളെത്തുടര്‍ന്നു രണ്ടാം
പിരിവിവയില്‍ സമതന്‍വിശേഷമേകം;
വിരതി വരാ വിഷമാവിശേഷമൊന്നി-
ത്തരമിവ രണ്ടു തരത്തിലായിടുന്നു.
40
സമയിലുമന്യയിലും സദാപി വന്നി-
ങ്ങമരുവതുണ്ടതതിന്‍ വിശേഷശക്തി
അമിതയതാകിലുമാകെ രണ്ടിവറ്റിന്‍-
ഭ്രമകലയാലഖിലം പ്രമേയമാകും.
41
‘ഇതു കുട’മെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതിനിതുതാന്‍ കരുവെന്നു കണ്ടിടേണം.
42
‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേല്‍ സദ്-
ഗതി വരുവാനിതിനെബ്ഭജിച്ചിടേണം.
43
പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
സുകൃതികള്‍ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ്വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.
44
പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം.
45
ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.
46
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതലൊടുങ്ങുവീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.
47
ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.
48
തനുവിലമര്ന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സര്‍വ്വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോര്‍ക്കിലാരും.
49
അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.
50
നിലമൊടു നീരതുപോലെ കാറ്റും തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയര്‍ന്നറിവായി മാറിടുന്നു
51
അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങള്‍പോലെ മായാ-
മരമഖിലം മറയെപ്പടര്‍ന്നിടുന്നു.
52
ധ്വനിമയമായ്ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിങ്കലശേഷദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂര്‍ത്തി നല്‍കും
സ്വനവുമടങ്ങുമിടം സ്വയം പ്രകാശം!
53
ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
മതിയറുവാന്‍ മനനം തുടര്‍ന്നിടേണം.
54
ഉണരുമവസ്ഥയുറക്കിലില്ലുറക്കം
പുനരുണരുമ്പോഴുതും സ്ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദിമായാ-
വനിതയില്‍നിന്നു പുറന്നു മാറിടുന്നു.
55
നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തില്‍
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.
56
കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുമുള്ള കര്‍മ്മമത്രേ!
57
അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദികാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു.
58
നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.
59
അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
അറിവറിയുന്നവനെന്നു രണ്ടുമോര്‍ത്താ-
ലൊരു പൊരുളാമതിലില്ല വാദമേതും.
60
അറിവിനെയും മമതയ്ക്കധീനമാക്കി-
പ്പറയുമിതിന്‍ പരമാര്‍ത്ഥമോര്‍ത്തിടാതെ,
പറകിലുമപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവനന്യമാകുവീല.
61
വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാര്‍ന്ന തന്റെ ധര്‍മ്മം
ജളതയതിങു ദിഗംബരാദി നാമാ-
വലിയൊടുയര്‍ന്നറിവായി മാറിടുന്നു.
62
പരവശനായ്പ്പരതത്ത്വമെന്റെതെന്നോര്‍-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം.
63
അറിവിലിരുന്നപരത്വമാര്‍ന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താന്‍
പരവശനായറിവീല പണ്ഡിതന് താന്‍-
പരമരഹസ്യമിതാരു പാര്‍ത്തിടുന്നു!
64
പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.
65
ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണര്‍ന്നിതെല്ലാം
അറിവവരില്ലതിരറ്റതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം!
66
ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും;വരവറ്റുനില്പതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു.
67
ഗണനയില്‍നിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം.
68
അരവവടാകൃതിപോലഹന്ത രണ്ടാ-
യറിവിലുമംഗിയാലും കടക്കയാലേ,
ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമോഹശാലി.
69
ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-
പ്രതിമയെഴും കരണപ്രവീണനാളും
രതിരഥമേറിയഹന്ത രമ്യരൂപം
പ്രതി പുറമേ പെരുമാറിടുന്നജസ്രം.
70
ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ
കരണകളേബരമൊന്നിതൊക്കെയായി
വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-
മറിവവനെന്നറിവോളമോര്‍ത്തിടേണം
71
സവനമൊഴിഞ്ഞു സമത്വമാര്‍ന്നു നില്പീ-
ലവനിയിലാരുമനാദി ലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ-
ലവനതിരറ്റ സുഖം ഭവിച്ചിടുന്നു.
72
ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
ന്മയി മറുകൂറിതു വിദ്യ; മായയാലേ
നിയതമിതിങ്ങനെ നില്ക്കിലും പിരിഞ്ഞ-
ദ്ദ്വയപരഭാവന തുര്യമേകിടുന്നു
73
ഒരു പൊരുളിങ്കലനേകമുണ്ടനേകം
പൊരുളിലൊരര്‍ത്ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമറിവീലതിഗോപനീയമാകും.
74
പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുള്‍-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടലിലുമിങ്ങിതിനാലിതോര്‍ക്കിലേകം
75
പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂര്‍മ്മിജാലം
അകമലരാര്‍ന്നറിവൊക്കെ മുത്തുതാന്‍ താന്‍
നുകരുവതാമമൃതായതിങ്ങു നൂനം.
76
മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-
ലണിയണിയായല വീശിടുന്ന വണ്ണം
അനൃതപരമ്പര വീശിയന്തരാത്മാ-
വിനെയകമേ ബഹുരൂപമാക്കിടുന്നു.
77
പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
മറിവനലന്‍, ജല, മക്ഷ, മിന്ദ്രിയാര്‍ത്ഥം
ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-
ന്നെരിയുമിതിന്റെ രഹസ്യമേകമാകും.
78
മരണവുമില്ല, പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമര്‍ന്ന മരീചിനീരുപോല് നില്-
പൊരു പൊരുളാം പൊരുളല്ലിതോര്‍ത്തിടേണം
79
ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-
ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെ തന്നെയാകയാലേ
ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം
80
സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോര്‍ത്താല്‍
ക്ഷിതി മുതലായവ ഗീരു മാത്രമാകും
81
പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
സകലവുമായ് വെളിയേ സമുല്ലസിക്കും
ഇഹപരമാമൊരു കൂറിദന്തയാലേ
വികസിതമാമിതു ഭോഗ്യവിശ്വമാകും
82
അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
യ്വവരിലിരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാര്ന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സര്‍വ്വം
83
ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിന്‍ സ്വഭാവമാകും
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിര്‍വ്വികാരമാകും
84
അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോര്‍ക്കിലസത്യമുള്ളതുര്‍വ്വീഃ
നിരവധിയായ് നിലയറ്റു നില്‍പ്പതെല്ലാ-
മറിവിലെഴും പ്രകൃതിസ്വരൂപമാകും
85
നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.
86
തനു മുതലായതു സര്‍വ്വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.
87
തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
രിനമിതരങ്ങളിലില്ലയിപ്രകാരം
തനു, മുതലായതു സത്തുമല്ല, യോര്‍ത്താ-
ലനൃതവുമല്ലതവാച്യമായിടുന്നു.
88
സകലവുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സര്വ്വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കില് മായയാം വന്‍-
പക പലതും ഭ്രമമേകിടുന്നു പാരം.
89
അറിവിലിരുന്ന സദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.
90
അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-
ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം
അനുപദമസ്തിതയാലിതാവൃതം സദ്-
ഘനമതിനാലേ കളേബരാദികാര്യം
91
പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം
നിയതവുമങ്ങനെ തന്നെ നില്ക്കയാലേ
പ്രിയമജമവ്യയമപ്രമേയമേകാന്‍
ദ്വയമിതുതാന്‍ സുഖമാര്‍ന്നു നിന്നിടുന്നു
92
വ്യയമണയാതെ വെളിക്കു വേല ചെയ്യും
നിയമമിരിപ്പതു കൊണ്ടു നിത്യമാകും
പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ
ക്രിയയൊരു കേവലബാഹ്യലിംഗമാകും
93
ചലമുടലറ്റ തനിക്കു തന്റെയാത്മാ-
വിലുമധികം പ്രിയവസ്തുവില്ലയന്യം;
വിലസിടുമാത്മഗതപ്രിയം വിടാതീ
നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ.
94
ഉലകവുമുള്ളതുമായ്ക്കലര്‍ന്നു നില്ക്കും
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്മനോഗോ-
ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം.
95
വിപുലതയാര്‍ന്ന വിനോദവിദ്യ മായാ-
വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
ഇവളിവളിങ്ങവതീര്‍ണ്ണയായിടും, ത-
ന്നവയവമണ്ഡകടാഹകോടിയാകും.
96
അണുവുമഖണ്ഡവുമസ്തി നാസ്തിയെന്നി-
ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;
അണയുമനന്തരമസ്തി നാസ്തിയെന്നീ-
യനുഭവവും നിലയറ്റു നിന്നുപോകും.
97
അണുവറിവിന്‍ മഹിമാവിലങ്ഗമില്ലാ-
തണയുമഖണ്ഡവുമന്നു പൂര്‍ണ്ണമാകും;
അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
ഘനമിതു മൌനഘനാമൃതാബ്ധിയാകും.
98
ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശം കഥിക്കയാലേ
മതി മുതലായവ മാറിയാലുമാത്മാ-
സ്വതയറിയാതറിവെന്നു ചൊല്ലിടേണം.
99
അറിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.
100
അതുമിതുമല്ല സദര്ത്ഥമല്ലഹം സ-
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമര്ന്നിടേണം!
Subscribe to:
Post Comments (Atom)
great effort... Thanks for this hard work in the name of Maha Guru Narayana...
ReplyDeleteCommendable effort. Congrats....
ReplyDeleteGreat
ReplyDeleteGreat
ReplyDeletePls try to provide its interpretation tooo....if possible..
ReplyDeletehttps://youtu.be/nfunPsZjZhA?si=R5y4D9GNHQ0kxbfH
Deleteഒന്നും മനസിലാകുന്നില്ല, ഇതിന്റെ വിവർത്തനം എവിടെ കിട്ടും
ReplyDeleteThis comment has been removed by the author.
Deleteആത്മോപദേശശതകം മനനാവിഷ്ക്കാരം by സ്വാമി മുക്താനന്ദ യതി
Deletehttp://schoolofvedanta.org/ebooks/Atmopadesa%20Satakam%20%20PDF.pdf
Verse 99:
DeleteTransliteration...
ARIVU, AHAM ENNATHU RANTUM EIKAMAAM-
AAVARANAM OZHINJAVANU;
ANYANU UNTU VAADAM,
ARIVINEI VITTU AHAM ANYAMAAKUM ENNAAL,
ARIVINEI INGARIYAANUM AARUMILLA....(99/100)
Translation:
Arivu, Aham are both in a way, can be seen to be inseparable for the one who has cast off Aavaranam (veil); the others will argue otherwise.
If on the contrary,if Arivu and Aham were separate entities, who would be there to manifest this Arivu?
In my very limited understanding of this 99th verse of Aatmopadesa shatakam, perhaps Sree Narayana Gurudevan purports that for a realized Master, His feeling of Aham is totally attuned with (knowledge of) Universal consciousness.
Samskaranathinte udhatha vajanangal
ReplyDelete